അബൂദബി: ജൂലൈ 18 യൂണിയന്‍ പ്രതിജ്ഞാ ദിനം

ജൂലൈ 18 ‘യൂണിയന്‍ പ്രതിജ്ഞാ ദിനം’ ആയി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു യുഗപ്പിറവിക്ക് തുടക്കമായി ഒരു യൂണിയനായി യു എ ഇ രൂപം കൊള്ളുന്നതിന്റെ മുന്നോടിയായി രാഷ്ട്രപിതാക്കള്‍ ഒത്തുചേര്‍ന്നതിന്റെയും ഭരണഘടന ഒപ്പുവെച്ചതിന്റെയും ചരിത്രപരമായ ഓര്‍മ പുതുക്കാനാണ് യൂണിയന്‍, പ്രതിജ്ഞാ ദിനം ആചരിക്കുന്നത്.രാജ്യത്തിന്റെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരണാധികാരികളും 1971ലാണ് ചരിത്രപരമായ മീറ്റിംഗ് ചേര്‍ന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഔദ്യോഗിക നാമം സ്വീകരിച്ചു.1971 ഡിസംബര്‍ രണ്ടിന് എമിറേറ്റ്‌സ് ഫെഡറേഷന്‍ സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ചരിത്രപരമായ യോഗം. 1971 ജൂലൈ 18 യു എ ഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. യു എ ഇ ഭരണഘടനയുടെ പ്രഖ്യാപനം ഒപ്പിടുകയും അതിന്റെ പേര് പ്രഖ്യാപിക്കുകയും ചെയ്തു. യു എ ഇയുടെ അനുഗ്രഹീതമായ യാത്രയെ അനുസ്മരിക്കാനുമാണ് യൂണിയന്‍ പ്രതിജ്ഞാ ദിനം. ഐക്യവും പുരോഗതിയും കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തിന്റെ പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് അത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂണിയന്‍ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ നാലാമത്തെ ദേശീയ അവസരമായിരിക്കും യൂണിയന്‍ പ്രതിജ്ഞ ദിനം. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ചരിത്രപരമായ ഐക്യം കൈവരിക്കാന്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും പ്രയത്നങ്ങളെക്കുറിച്ചും പുതിയ തലമുറക്ക് ഈ ദിനം അവബോധം നല്‍കും. കൂടുതല്‍ സമ്ബന്നമായ ഭാവിയിലേക്കുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ മുന്നേറ്റത്തിന്റെ ഭാഗമായി മാതൃരാജ്യത്തോടുള്ള വിശ്വസ്തത വര്‍ധിപ്പിക്കാനുമുള്ള യു എ ഇ നേതൃത്വത്തിന്റെ തീവ്രമായ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *