ഒരു ദിവസം നമ്മള്‍ കഴിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം.അതുകൊണ്ട് തന്നെ രാവിലെ ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് നല്ല ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
അതേസമയം നമ്മള്‍ കഴിക്കുന്ന ഭക്ഷണം പലപ്പോഴും ആരോഗ്യകാര്യമായി തോന്നുമെങ്കിലും യഥാർത്ഥത്തില്‍ അവയില്‍ പലതും നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ബോളിവുഡ് നടി മാധുരി ദീക്ഷിതിൻ്റെ ഭർത്താവുമായ ഡോ. ശ്രീറാം നേനെ അടുത്തിടെ പ്രഭാതഭക്ഷണ സമയത്ത് ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന അഞ്ച് ഭക്ഷണങ്ങളുടെ ഒരു വീഡിയോ പട്ടികപ്പെടുത്തിയിരുന്നു.ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിട്ടുണ്ട്.
ഡോ. ശ്രീറാം നേനെ പട്ടികപ്പെടുത്തിയ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഏതോക്കെയെന്ന് നോക്കാം
1) ധാന്യങ്ങള്‍
കോണ്‍ഫ്ലേക്കുകള്‍ പലരുടെയും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്, പ്രത്യേകിച്ച് രാവിലെ ജോലിക്ക് പോകേണ്ടവർക്ക്. എന്നിരുന്നാലും, പാക്കേജുചെയ്ത ധാന്യങ്ങളില്‍ പലപ്പോഴും അധിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും ഇടയാക്കും. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഇത്തരം ധാന്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒന്നോർക്കുക അത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്നതിന് പകരം അമിതവണ്ണത്തിലേയ്ക്ക് ആകും നയിക്കുക.
2) വൈറ്റ് ബ്രെഡ്
പലരും പ്രഭാതഭക്ഷണത്തിനായി വൈറ്റ് ബ്രെഡ് തിരഞ്ഞെടുക്കുന്നുണ്ട്. പക്ഷേ ഇത് ആരോഗ്യകരമായ ഒരു ഓപ്ഷനല്ല. ഗോതമ്ബ് ബ്രെഡ് പോലും സാധാരണയായി വിശ്വസിക്കുന്നത് പോലെ പോഷകഗുണമുള്ളതല്ല. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ബ്രെഡ് കാരണമാകുന്നുണ്ട്. അതിനാല്‍ ഇതും ഡയറ്റ് പ്ലാനില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.
3) ഫ്രൂട്ട് ജ്യൂസുകള്‍
ഫ്രൂട്ട് ജ്യൂസുകള്‍ കുടിക്കുന്നത് ആരോഗ്യകരമായ ഒരു ഓപ്ഷനായി തോന്നുമെങ്കിലും, പഴങ്ങള്‍ മുഴുവനായി കഴിക്കുന്നതിന്റെ ഒരു എഫക്‌ട് ഇതില്‍ ലഭിക്കില്ല.പഴങ്ങള്‍ അരച്ചെടുക്കുമ്ബോള്‍, അതിലെ നാരുകള്‍ നഷ്ടപ്പെടും, ഇതോടെ ശരീരത്തിന് ദ്രാവക ഫ്രക്ടോസ് മാത്രമേ ലഭിക്കുകയുള്ളു., ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.
4) ഫ്ലേവർഡ് യോഗർട്ട്
ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ചോയ്‌സ് ആണെന്ന് കരുതി പലരും ഫ്ലേവർഡ് യോഗർട്ട് ഡയറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. അതേസമയം യോഗർട്ടില്‍ പലപ്പോഴും കൃത്രിമ രാസവസ്തുക്കളും ഉയർന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഹാനികരമാണ്. പകരം പ്ലെയിൻ യോഗർട്ടോ ഗ്രീക്ക് യോഗർട്ടോ കഴിക്കാൻ ഡോ. നെനെ ശുപാർശ ചെയ്യുന്നുണ്ട്.
5) പ്രൊസസ്ഡ് മീറ്റ്
സോസേജുകള്‍, ബേക്കണ്‍, ഹാം തുടങ്ങിയ പ്രൊസസ്ഡ് മീറ്റ് പലർക്കും വളരെ ഇഷ്ടമാണ്. എന്നിരുന്നാലും, ഈ മാംസങ്ങളില്‍ ഉപ്പ്, പഞ്ചസാര, ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രൊസസ്ഡ് മീറ്റ് പതിവായി കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ചിലതരം ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ചുരുക്കത്തില്‍ പറഞ്ഞാല്‍, പ്രഭാതഭക്ഷണം ദിവസത്തിൻ്റെ ആരോഗ്യകരമായ തുടക്കത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, നമ്മള്‍ എന്താണ് കഴിക്കുന്നതെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. മികച്ച ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്ബോള്‍ അവ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവ മാത്രം ആയിരിക്കണമെന്നും നമ്മുടെ ആരോഗ്യത്തിന് ദീർഘകാലത്തേക്ക് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ഡോ. നെനെയുടെ ഉപദേശം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.