ലോകകപ്പ് ഇന്ത്യയ്ക്കായി വിജയിച്ച് വരൂ…
കാൻസർ രോഗസൂചനകൾക്കിടയിലും മകനോട് ടീമിനൊപ്പം തുടരാൻ നിർദ്ദേശിച്ചിരുന്നതായി യുവരാജ് സിങ്ങിന്റെ പിതാവ് യോഗരാജ്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രവിജയമായിരുന്നു 2011 ലെ ലോകകപ്പ്. മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കപ്പടിക്കുമ്പോൾ ടീമിനായി ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച താരമായിരുന്നു യുവരാജ് സിങ്. 2011ലെ ഏകദിന ലോകകപ്പിൽ കാൻസർ രോഗസൂചനകൾക്കിടയിലും യുവരാജ് സിങ്ങിനോട് ടീമിനൊപ്പം തുടരാൻ നിർദ്ദേശിച്ചിരുന്നതായി താരത്തിന്റെ പിതാവ് യോഗരാജ് സിങ്.
രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടുമ്പോൾ യുവരാജ് കാൻസർ ബാധിതനായി മരണപ്പെട്ടിരുന്നെങ്കിൽ ഞാൻ അയാളുടെ പിതാവെന്ന നിലയിൽ അഭിമാനിക്കുമായിരുന്നു. ‘ഇപ്പോഴും താൻ യുവരാജിന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. അന്ന് താൻ ഫോണിൽ അവനോട് പറഞ്ഞിരുന്നു, രക്തം ഛർദിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് കളിക്കണം. നിനക്ക് ഒന്നും സംഭവിക്കുകയില്ല. ലോകകപ്പ് ഇന്ത്യയ്ക്കായി വിജയിക്കൂ എന്ന്.’ യോഗരാജ് സിങ് സാംഡിഷ് പോഡ്കാസ്റ്റിനോട് പറഞ്ഞത് ഇങ്ങനെ.
2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് യുവരാജ് സിങ്ങിന് കാൻസർ ആണെന്ന വാർത്ത ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ലോകകപ്പിനിടെ ഡ്രെസ്സിങ് റൂമിൽ താരം രക്തം ഛർദിച്ചതായി പിന്നീട് വാർത്തകൾ പുറത്തുവന്നു. എങ്കിലും ലോകകപ്പിൽ ഇന്ത്യയ്ക്കായി ഓൾറൗണ്ട് പ്രകടനമാണ് യുവരാജ് പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 362 റൺസും 15 വിക്കറ്റുകളും യുവരാജ് നേടുകയുണ്ടായി
കാൻസറിനോട് പോരാടി യുവരാജ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവന്നെങ്കിലും പിന്നീടുള്ള കാലം ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായി യുവരാജിന്റെ കരിയർ. 2017ലെ ചാംപ്യൻസ് ട്രോഫിയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 2019 ലെ ഏകദിന ടീമിൽ ഇടം ലഭിക്കാതിരുന്നതോടെ താരം ക്രിക്കറ്റ് കരിയർ മതിയാക്കുകയായിരുന്നു.