അന്ന് എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്, ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഞാൻ നിര്‍ത്തി’; സാമന്ത പറയുന്നു

തന്റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് നടി സാമന്തയിപ്പോള്‍.

ടേക്ക് 20 എന്ന പേരിലാണ് സാമന്ത ആരോഗ്യത്തെയും ലൈഫ് കോച്ചിങിനെയും വ്യായാമത്തേയും കുറിച്ചുള്ള കാര്യങ്ങള്‍ പോഡ്കാസ്റ്റായി അവതരിപ്പിക്കുന്നത്. എന്നാല്‍ താരം പുതിയതായി പങ്കുവച്ചിരിക്കുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.

പുതിയ എപ്പിസോഡ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു ഉപയോക്താവ് പോഡ്കാസ്റ്റിനെതിരെ രംഗത്തെത്തിയത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ – പാനീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നാണ് വിമര്‍ശകന്‍ പറഞ്ഞത്.

എന്നാല്‍ ഉപയോക്താവിന്റെ ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട താരം അതിനെ ന്യായീകരിക്കുകയോ എതിർക്കുകയോ ചെയ്തില്ല. പകരം താൻ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഏറ്റു പറയുകയും ചെയ്തു. “എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. നല്ലത് എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.

എന്നാലിപ്പോള്‍ ഇത്തരം ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. പറയുന്നത് പ്രാവർത്തികമാക്കുന്നതില്‍ ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ”- എന്നാണ് സാമന്ത കുറിച്ചത്. മുൻപും നടിയുടെ പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പോഡ്‍കാസ്റ്റിലൂടെ അശാസ്ത്രീയ വിവരങ്ങള്‍ പങ്കുവെച്ച്‌ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ആരോപണം.

ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പോഡ്‍കാസ്റ്റില്‍ നടി അതിഥികളായി ക്ഷണിക്കുന്നത്. ഇത്തരത്തില്‍ അല്‍ക്കേഷ് സാരോത്രി എന്ന വ്യക്തി അതിഥിയായെത്തിയ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എപ്പിസോഡാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *