അന്താരാഷ്ട്ര വിദ്യാർഥികള്‍ക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ. രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ജൂലൈ 1 മുതല്‍ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1,600 ആയി ഉയർത്തിയിരിക്കുകയാണ്. അതോടൊപ്പം സന്ദർശക വിസയുള്ളവരെയും താത്കാലിക ബിരുദ വിസയുള്ള വിദ്യാർഥികളെയും ഓണ്‍ഷോർ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
“ഇന്ന് പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങള്‍ നമ്മുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്ബ്രദായത്തിന്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച ഒരു കുടിയേറ്റ സംവിധാനം സൃഷ്ടിക്കാനും സഹായിക്കും,” ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു. 2023 സെപ്‌റ്റംബർ 30 വരെയുള്ള കാലയളവില്‍ രാജ്യത്തെ മൊത്തം കുടിയേറ്റം 60% വർധിച്ച് 5.48 ലക്ഷം പേരായതായി മാർച്ചില്‍ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളില്‍ സൂചിപ്പിക്കുന്നു.
യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയിലേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് നിരക്ക് വർധിക്കും. യുഎസിലും കാനഡയിലും ഏകദേശം 185 ഡോളർ മുതല്‍ 110 ഡോളർ വരെ മാത്രമാണ് വിദ്യാർഥി വിസയ്ക്ക് ഈടാക്കുന്നത്. നിലവില്‍ വിദേശ വിദ്യാർഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ തുടർച്ചയായി താമസിക്കാൻ അനുവദിക്കുന്ന വിസ നിയമങ്ങളിലെ പഴുതുകളും അടയ്ക്കുകയാണെന്നും സർക്കാർ അറിയിച്ചു.
2022-23 കാലയളവില്‍ രണ്ടാമത്തെ വിസ അല്ലെങ്കില്‍ തുടർന്നുള്ള സ്റ്റുഡന്റ് വീസ കൈവശമുള്ള വിദ്യാർഥികളുടെ എണ്ണം 30 ശതമാനമായി വർധിച്ച് 1.5 ലക്ഷമായി ആയി ഉയർന്നിരുന്നു. 2022 ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ഓസ്ട്രേലിയയുടെ വാർഷിക കുടിയേറ്റത്തില്‍ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനെ തുടർന്ന് കഴിഞ്ഞവർഷം അവസാനം മുതല്‍ സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കർശനമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ വിസ ലഭിക്കുന്നതിന് ഇംഗ്ലീഷ് ഭാഷയും നിര്‍ബന്ധമാക്കിയിരുന്നു. മെയ് മുതല്‍ വിദ്യാർഥികള്‍ക്ക് വിസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് ബാലൻസ് 24,505 ഡോളറില്‍ നിന്നും 29,710 ഡോളറായും ഓസ്‌ട്രേലിയ വർധിപ്പിച്ചു. ഈ മേഖലയില്‍ സര്‍ക്കാരിന്റെ നയപരമായ സമ്മര്‍ദ്ദം തുടരുന്നത് രാജ്യത്തിന്റെ സമ്ബദ്‌വ്യസ്ഥയെ അപകടത്തിലാക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ സിഇഒ ലൂക്ക് ഷീഹി പറഞ്ഞു. “ഇത് രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്കോ ഞങ്ങളുടെ സര്‍വ്വകലാശാലകള്‍ക്കോ നല്ലതല്ല. ഇവ രണ്ടും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു”, ഷീഹി വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ സമ്ബദ്‌വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളില്‍ നിന്നുള്ള വരുമാനം. 2022-2023 സാമ്ബത്തിക വർഷത്തില്‍ 36.4 ബില്യണ്‍ ഓസ്ട്രേലിയൻ ഡോളറാണ് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ ഓസ്ട്രേലിയൻ സമ്ബദ് വ്യവസ്ഥ നേടിയത്. എന്നാല്‍ കുടിയേറ്റത്തിലെ ക്രമാതീതമായ വർദ്ധനവ് സർക്കാറിന് തലവേദനയായതോടെ വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സ്റ്റുഡന്റ് വിസ നടപടികള്‍ കർശനമാക്കുകയായിരുന്നു.