മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരുവില്‍ അനധികൃതമായി സർക്കാർ ഭൂമി കൈമാറിയെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള നാല് ഏക്കറോളം വരുന്ന ഭൂമി നടപടിക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുക്കുകയും പകരം മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് (മുഡ) കീഴിലെ തന്ത്രപ്രധാനമായ പ്ലോട്ട് അനുവദിച്ചെന്നുമാണ് ആക്ഷേപം.
അതേസമയം, ആരോപണം നിഷേധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ’50: 50 അനുപാതം’ പദ്ധതി പ്രകാരമാണ് ഭൂമി കൈമാറിയിട്ടുള്ളതെന്ന് പ്രതികരിച്ചു.
ഭാര്യയുടെ പേരിലുള്ള ഭൂമിയില്‍ മൈസൂരു വികസന അതോറിറ്റി (മുഡ) ലേഔട്ട് ഉണ്ടാക്കി പ്ലോട്ടുകള്‍ വിറ്റതായും ഇതിനു പകരമായാണ് ഭൂമി നല്‍കിയതെന്നും വിശദീകരിച്ച സിദ്ധരാമയ്യ, തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഔദ്യോഗികമായി ഏറ്റെടുക്കാതെയാണ് മുഡ പ്ലോട്ടുകളാക്കി വിറ്റതെന്ന് ചൂണ്ടിക്കാട്ടി. ഭാര്യക്ക് ഭൂമി നല്‍കിയത് തന്റെ ഭരണകാലത്തല്ലെന്നും ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്താണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മൈസൂരു സ്വദേശിയാണ് സിദ്ധരാമയ്യ.
’50: 50 അനുപാതം’ പദ്ധതി പ്രകാരം, അവികസിത മേഖലയില്‍ ഒരാളുടെ ഒരു ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്താല്‍ പകരം പ്ലോട്ട് വികസിപ്പിച്ച പ്രധാനയിടത്ത് കാല് ഏക്കർ ഭൂമിയാണ് സർക്കാർ പകരം അനുവദിക്കുക. ‘അനധികൃത’ ഭൂമി ഇടപാടിനെ സിദ്ധരാമയ്യ എങ്ങനെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക എക്സില്‍ ചോദിച്ചു.
വിഷയം പുറത്തുവന്നതോടെ മുഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതിന് പകരം സ്ഥലംമാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി മറച്ചുവെക്കാനാണ് രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അന്വേഷണമേല്പിച്ചതെന്ന് കുറ്റപ്പെടുത്തിയ ആർ. അശോക, സി.ബി.ഐയോ റിട്ട. ഹൈകോടതി ജഡ്ജിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാന മേഖലയില്‍ 50:50 അനുപാത പദ്ധതിപ്രകാരം ഭൂമി കൈമാറാൻ ആരാണ് അനുവാദം നല്‍കിയത്? പ്രധാന മേഖലയില്‍ ഭൂമി നല്കാൻ ആരാണ് നിർദേശിച്ചത്? -പ്രതിപക്ഷ നേതാവ് ചോദിച്ചു.
തന്റെ ഭാര്യസഹോദരൻ മല്ലികാർജുന 1996ല്‍ വാങ്ങിയ മൂന്ന് ഏക്കർ 36 ഗുണ്ഡ സ്ഥലം (ഒരു ഏക്കർ എന്നാല്‍ 40 ഗുണ്ഡ) പിന്നീട് സഹോദരിക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നെന്ന് സിദ്ധരാമയ്യ പറഞ്ഞു. ”മൈസൂരു വികസന അതോറിറ്റി ഈ സ്ഥലം അക്വയർ ചെയ്തിരുന്നില്ല.
എന്നാല്‍, പ്ലോട്ടുകള്‍ രൂപപ്പെടുത്തി അവ വിറ്റു. മനഃപൂർവമാണോ അറിയാതെയാണോ മൈസൂരു വികസന അതോറിറ്റി അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഇതോടെ ഭാര്യയുടെ ഭൂമി നഷ്ടപ്പെട്ടു.
ഞങ്ങളുടെ ഭൂമി ഞങ്ങള്‍ നഷ്ടപ്പെടുത്തണോ? പകരം ഭൂമി തരാൻ അതോറിറ്റിക്ക് ബാധ്യതയില്ലേ? ഞങ്ങള്‍ ഇതേകുറിച്ച് മൈസൂരു വികസന അതോറിറ്റിയോട് ചോദിച്ചപ്പോള്‍, 50:50 അനുപാത പദ്ധതിപ്രകാരം ഭൂമി പകരം നല്‍കാമെന്ന് അവർ പറഞ്ഞു. ഞങ്ങള്‍ അത് സമ്മതിച്ചു. നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായ ഭൂമി പലയിടങ്ങളിലായി അതോറിറ്റി നല്കി. അതിലെന്താണ് തെറ്റ്?” -സിദ്ധരാമയ്യ ചോദിച്ചു.
ഭൂമി വിഷയം വിവാദമായതോടെ, അർബൻ അതോറിറ്റി കമീഷണർ ആർ. വെങ്കടചലപതിയുടെ നേതൃത്വത്തിലുള്ള പാനല്‍ അന്വേഷിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിങ് അഡീ. ഡയറക്ടർ എം.സി. ശശികുമാർ, ടൗണ്‍ ആൻഡ് കണ്ട്രി പ്ലാനിങ് കമീഷണറേറ്റ് ജോയന്റ് ഡയറക്ടർ ശന്താല, ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് എന്നിവരാണ് അന്വേഷണ പാനല്‍ അംഗങ്ങള്‍. വിഷയത്തില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നല്കിയ നിർദേശം.