കേരള സ്‌പോര്‍ട്‌സില്‍ ഇതു മാറ്റങ്ങളുടെ കാലമാണ്. ഒരുകാലത്ത് സ്‌പോണ്‍സര്‍ഷിപ്പ് പോലും കിട്ടാതിരുന്ന സ്ഥാനത്തുനിന്ന് കോര്‍പറേറ്റ് കമ്പനികള്‍ ഫുട്‌ബോളിലും ക്രിക്കറ്റിലും ടീമുകളെ സ്വന്തമാക്കുന്നതിലേക്ക് എത്തിയിരിക്കുന്നു ആ മാറ്റം. വരുംവര്‍ഷങ്ങളില്‍ അടിസ്ഥാന വികസനരംഗത്ത് വിപ്ലവകരമായ കാര്യങ്ങളാകും കേരള സ്‌പോര്‍ട്‌സില്‍ നടക്കുക.
കൂടുതല്‍ കോര്‍പറേറ്റ് കമ്പനികള്‍ താല്പര്യത്തോടെ വരുന്നത് സ്‌പോര്‍ട്‌സിനെ കരിയറാക്കാന്‍ ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്കും ഗുണം ചെയ്യും.
കൊച്ചിയില്‍ സ്‌പോര്‍ട്‌സ് സിറ്റി
ലോകത്ത് തന്നെ ഏറ്റവുമധികം സമ്പത്തുള്ള കായികസംഘടനയാണ് ബി.സി.സി.ഐ. ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഗ്രാന്റായി നല്‍കാറുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) വര്‍ഷാവര്‍ഷം നല്ലൊരു വിഹിതം ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്നും മറ്റ് സഹായങ്ങളിലൂടെയും സ്വന്തമായൊരു സ്‌റ്റേഡിയം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കെ.സി.എ
എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന ‘കൊച്ചിന്‍ സ്‌പോര്‍ട്‌സ് സിറ്റി’ പദ്ധതിയുമായി കെസിഎ രംഗത്തു വന്നിട്ടുണ്ട്. 40 ഏക്കര്‍ സ്ഥലത്ത് മള്‍ട്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 700 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ പേപ്പര്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്താണ് സ്‌പോര്‍ട്‌സ് സിറ്റി വരുന്ന സ്ഥലം. അത്താണി ജംക്ഷനു സമീപം ദേശീയപാതയോടു ചേര്‍ന്നു ചെങ്ങമനാട് പഞ്ചായത്തിലാണ് പദ്ധതി വരുന്നത്. ഇതിനൊപ്പം സംസ്ഥാനത്തു കെസിഎ 1,124 കോടി രൂപയുടെ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. സാമ്പത്തികം ഒരു പ്രശ്‌നമല്ലാത്തതിനാല്‍ പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കാമെന്ന ആത്മവിശ്വാസം കെ.സി.എയ്ക്കുണ്ട്
40,000 പേര്‍ക്കിരിക്കാവുന്ന രാജ്യാന്തര സ്റ്റേഡിയം കോംപ്ലക്‌സും ക്ലബ് ഹൗസുമാണ് ആദ്യം നിര്‍മിക്കുക. ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌സാല്‍ കോര്‍ട്ടുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്റര്‍, സ്‌പോര്‍ട്‌സ് അക്കാദമി, കണ്‍വെന്‍ഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ ഫിറ്റ്‌നസ് സെന്റര്‍, ഗെയിമിങ് ആന്‍ഡ് ഇ-സ്‌പോര്‍ട്‌സ് അരീന, താമസസ്ഥലം, ഹെലിപാഡ്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് എന്നിവയും 5 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഈ ബൃഹത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഉള്‍പ്പെടെ പ്രധാനപ്പെട്ട ഇവന്റുകള്‍ കേരളത്തിലേക്ക് സ്ഥിരമായി വരാനുള്ള സാധ്യത തെളിയും. ഓരോ ഐ.പി.എല്‍ മത്സരങ്ങളും കോടിക്കണക്കിനു രൂപയുടെ വരുമാനമാണ് സമ്മാനിക്കുക. ഒപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. മാത്രമല്ല, പരോക്ഷമായി തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണവും ഇരട്ടിയിലധികം വരും
കേരള ഫുട്‌ബോളിനും വലിയ ലക്ഷ്യം
നവാസ് മീരാന്‍ പ്രസിഡന്റായി എത്തിയതോടെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) കൂടുതല്‍ പ്രെഫഷണലായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മാതൃകയില്‍ ആരംഭിച്ച സൂപ്പര്‍ ലീഗ് കേരള (എസ്.എല്‍.കെ) വന്‍വിജയമായതോടെ സ്‌റ്റേഡിയം ഉള്‍പ്പെടെ അടിസ്ഥാന വികസനരംഗത്ത് മുതല്‍മുടക്കാനുള്ള ഒരുക്കത്തിലാണവര്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം അടക്കമുള്ളവ അടിസ്ഥാന സൗകര്യ വികസനത്തിനായി 800 കോടി രൂപ മുതല്‍മുടക്കാനാണ് പദ്ധതി.
സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ അടക്കം നടത്തുന്നതിനും കെ.എഫ്.എയുടെ ആസ്ഥാനമാക്കുന്നതിനുമായി കൊച്ചിയില്‍ ഫുട്‌ബോളിന് മാത്രമായി സ്‌റ്റേഡിയം പണിയാനും പദ്ധതിയുണ്ട്. ആദ്യത്തെ പ്രോജക്ടായി തിരഞ്ഞെടുത്തിരിക്കുന്നതും ഫുട്‌ബോള്‍ സ്‌റ്റേഡിയ നിര്‍മാണമാണ്. വിവിധ ജില്ലകളിലായി കെ.എഫ്.എയുടെ കീഴില്‍ 8 ഇടത്തരം സ്റ്റേഡിയങ്ങളും സമീപഭാവിയില്‍ നിര്‍മിക്കുമെന്നാണ് കെ.എഫ്.എ പറയുന്നത്.
അടുത്തിടെ സമാപിച്ച സൂപ്പര്‍ലീഗ് കേരള വന്‍വിജയമായിരുന്നു. ലീഗില്‍ കളിച്ച ടീമുകളും സംഘാടകരും ചേര്‍ന്ന് 120 കോടിയോളം രൂപ ചെലവിട്ടിരുന്നു. വിവിധ മേഖലകളില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫുട്‌ബോള്‍ ലീഗിന് സാധിച്ചിരുന്നു. കേരള ഫുട്‌ബോളില്‍ നിക്ഷേപിക്കാന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുന്നോട്ടു വരുന്നതും മാറ്റത്തിന്റെ ദിശാസൂചികയായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു