അതിര്‍ത്തിയില്‍ ഡ്രോണ്‍ വിന്യസിച്ച്‌ ബംഗ്ലാദേശ്, ജാഗ്രതയില്‍ ഇന്ത്യ

 ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ബംഗ്ലാദേശ് തുർക്കിഷ് നിർമ്മിത ബെയ്‌റക്‌തർ ടി.ബി – 2 ഡ്രോണുകള്‍ വിന്യസിച്ചെന്ന് റിപ്പോർട്ട്.

ബംഗ്ലാദേശില്‍ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലാണ് പുതിയ നീക്കം. ബംഗാള്‍ അതിർത്തിയോട് ചേർന്നാണ് രഹസ്യാന്വേഷണ, നിരീക്ഷണ ദൗത്യങ്ങള്‍ക്കുപയോഗിക്കുന്ന നൂതന ടി.ബി – 2 ഡ്രോണുകള്‍ വിന്യസിച്ചിട്ടുള്ളതെന്നാണ് വിവരം. ഇതേത്തുടർന്ന് അതിർത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. പ്രതിരോധ ആവശ്യത്തിനുള്ള വിന്യാസമെന്നാണ് ബംഗ്ലാദേശ് ഉദ്യോഗസ്ഥരുടെ വിശദീകരണമെങ്കിലും ഡ്രോണുകള്‍ തന്ത്റപ്രധാന മേഖലയില്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ഇന്ത്യ ജാഗ്രത പുലർത്തുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ ഉദ്യാഗസ്ഥൻ അറിയിച്ചു. ഹെറോണ്‍ ഡ്രോണുകള്‍ മേഖലയില്‍ വിന്യസിക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് പിന്നാലെ അതിർത്തിയില്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ വർദ്ധിച്ചെന്ന ഇന്റലിജൻസ് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

തല പൊക്കി തീവ്രവാദികള്‍

1. ഹസീനയുടെ ഭരണകാലത്ത് ഇല്ലാതാക്കിയ ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങള്‍ ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളില്‍ തലപൊക്കുന്നു

2. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് കള്ളക്കടത്തു സംഘങ്ങളും ഭീകരവാദികളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാദ്ധ്യത

3. ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടരുന്ന ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ ശക്തിപ്രാപിക്കുന്നു

# ബെയ്‌റക്‌തർ ടി.ബി – 2

 നിർമ്മാണം – തുർക്കിയിലെ സ്വകാര്യ പ്രതിരോധ കമ്ബനിയായ ബെയ്‌കർ

 2014 മുതല്‍ സർവീസില്‍

 തുർക്കിഷ് സായുധ സേനകളും അസർബൈജാൻ, യുക്രെയിൻ തുടങ്ങിയവരും ഉപയോഗിക്കുന്നു

 നീളം – 21 അടി

 വേഗത – മണിക്കൂറില്‍ 222 കിലോമീറ്റർ

 നിരീക്ഷണത്തിനും ആക്രമണത്തിനും ശേഷി

 25,000 അടി ഉയരത്തില്‍ വരെ പറക്കും

 ലേസർ ഗൈഡഡ് ബോംബുകളാല്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തും

 ഈ വർഷമാദ്യം ബംഗ്ലാദേശ് സൈന്യത്തിന്റെ ഭാഗമായി

 ഓർഡർ ചെയ്ത 12 എണ്ണത്തില്‍ ആറെണ്ണം ലഭിച്ചു

 കുഴിബോംബ് പ്രതിരോധ വാഹനങ്ങള്‍, റോക്കറ്റ് പ്രതിരോധ സംവിധാനങ്ങള്‍, സായുധ സൈനിക വാഹനങ്ങള്‍ എന്നിവയടക്കം നിരവധി നൂതന സൈനിക ഉപകരണങ്ങള്‍ ബംഗ്ലാദേശ് സൈന്യം തുർക്കിയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്

———————————–

 വിദേശകാര്യ സെക്രട്ടറി ബംഗ്ളാദേശിലേക്ക്

ന്യൂഡല്‍ഹി: നയതന്ത്ര ബന്ധം വഷളായിരിക്കെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റ‌ി 9ന് ബംഗ്ളാദേശ് സന്ദർശിക്കുന്നു. ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സന്ദർശനം. വിദേശകാര്യാലയത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കു വേണ്ടിയാണ് വിദേശകാര്യ സെക്രട്ടറി പോകുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ക്കൊപ്പം കൊല്‍ക്കത്തയിലെയും അഗർത്തലയിലെയും എംബസിയുടെ പ്രവർത്തനം ബംഗ്ളാദേശ് നിറുത്തിവച്ച സാഹചര്യവും ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *