അഞ്ച് ഭാഷകളില്‍ അജയന്റെ രണ്ടാം മോഷണം, കളം പിടിക്കാന്‍ വേട്ടയ്യനും… ഒടിടി സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

മലയാളത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമയാണ് ടൊവിനൊ തോമസ് മൂന്ന് ഗെറ്റപ്പുകളില്‍ എത്തിയ അജയന്റെ രണ്ടാം മോഷണം (ARM- Ajayante Randam Moshanam).

സിനിമ റിലീസ് ചെയ്ത് 58 ദിവസങ്ങള്‍ക്ക് ശേഷം ആണ് ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ആണ് സ്ട്രീമിങ്. ഇതോടൊപ്പം രജനികാന്ത് നായകനായെത്തിയ വേട്ടയ്യനും (Vettaiyan) ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് വേട്ടൈയ്യന്‍ സ്ട്രീം ചെയ്യുന്നത്.

സെപ്തംബര്‍ 12 ന് ആയിരുന്നു അജയന്റെ രണ്ടാം മോഷണം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. സുജിത് നമ്ബ്യാര്‍ തിരക്കഥയൊരുക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം 3ഡി, 2ഡി ഫോര്‍മാറ്റുകളില്‍ ആണ് തീയേറ്ററുകളില്‍ എത്തിയത്. ടൊവിനോ തോമസ് മൂന്ന് റോളുകളാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഇതില്‍ മണിയന്‍ എന്ന കഥാപാത്രം ഏറെ അഭിനന്ദിക്കപ്പെടുകയും ചെയ്തു. ടൊവിനൊയെ കൂടാതെ കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസില്‍ ജോസഫ്, മധുപാല്‍, ഹരീഷ് ഉത്തമന്‍, ജഗദീഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

രജനികാന്ത് നായകനായി വന്‍ താരനിരയോടെ എത്തിയ ചിത്രമാണ് വേട്ടയ്യന്‍. ടിജെ ജ്ഞാനവേല്‍ ആയിരുന്നു സംവിധായകന്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ സുഭാസ്‌കരന്‍ ആയിരുന്നു നിര്‍മാണം. ഒക്ടോബര്‍ പത്തിന് ആയിരുന്നു സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, ഋതിക സിങ്, സാബുമോന്‍ തുടങ്ങിയവരും സിനിമയില്‍ വേഷമിട്ടിരുന്നു. മലയാളത്തില്‍ നിന്ന് ഒരുപിടി താരങ്ങള്‍ അണിനിരന്ന ചിത്രം എന്ന പ്രത്യേകതയും വേട്ടയ്യന് ഉണ്ടായിരുന്നു.

30 കോടി രൂപ ചെലവില്‍ ആയിരുന്നു എആര്‍എം എന്ന അജയന്റെ രണ്ടാം മോഷണം അണിയിച്ചൊരുക്കിയത്. എന്നാല്‍ ചിത്രം കളക്‌ട് ചെയ്തത് 100 കോടിയ്ക്കും 106 കോടിയ്ക്കും ഇടയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ 2024 ല്‍ 100 കോടി കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. മലയാളത്തില്‍ ഒരു ത്രീഡി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റെക്കോര്‍ഡും അജയന്റെ രണ്ടാം മോഷണം സ്വന്തമാക്കി.

എന്നാല്‍ വേട്ടയ്യന്റെ കഥ തികച്ചും വ്യത്യസ്തമാണ്. ബോക്‌സ്‌ഓഫീസ് കുലുക്കിമറിക്കും എന്ന് പ്രതീക്ഷിച്ചെത്തിയ സിനിമ വേണ്ടത്ര വിജയം ആയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നൂറ് കോടിയോളം ചെലവാക്കി നിര്‍മിച്ച സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 250 കോടിയില്‍ താഴെ ആണെന്നാണ് കണക്കുകള്‍. സിനിമയുടെ പരാജയത്തില്‍ നിര്‍മാതാവായ സുഭാസ്‌കരന്‍ അസംതൃപ്തി പ്രകടിപ്പിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ പരാജയപ്പെട്ടതിന് നഷ്ടപരിഹാരം എന്നവണ്ണം അടുത്ത ഒരു സിനിമ കൂടി രജനികാന്ത് ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ചെയ്യണം എന്നും പ്രതിഫലം കുറയ്ക്കണം എന്നും ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്തകള്‍.

Leave a Reply

Your email address will not be published. Required fields are marked *