അഞ്ചിന്‍റെ മൊഞ്ചില്‍ ബയേണ്‍; മൂന്നടിച്ച്‌ പി.എസ്.ജി; ആസ്റ്റണ്‍ വില്ലക്കും ലെവര്‍കുസനും ജയം

 യുവേഫ ചാമ്ബ്യൻസ് ലീഗില്‍ വമ്ബന്മാർ കളത്തിലിറങ്ങിയ ദിനത്തില്‍ ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക്കിനും ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജിക്കും തകർപ്പൻ ജയം.

ബയർ ലെവർകുസൻ, ആസ്റ്റണ്‍ വില്ല ടീമുകളും ജയിച്ചു. യുക്രെയ്ൻ ക്ലബ് ഷാക്താർ ഡൊണെട്സ്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബയേണ്‍ നിലംപരിശാക്കിയത്. സൂപ്പർതാരം ഹാരി കെയ്ൻ ഇല്ലാതെ കളത്തിലിറങ്ങിയ ബയേണ്‍, ഒരു ഗോളിനു പിന്നില്‍ പോയശേഷമാണ് എതിരാളികളുടെ വല അഞ്ചു തവണ ചലിപ്പിച്ചത്. മൈക്കല്‍ ഒലിസെ ഇരട്ട ഗോളുമായി തിളങ്ങി. 73ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച താരം, ഇൻജുറി ടൈമിലും (90+3) വലകുലുക്കി. കോണ്‍റാഡ് ലെയ്മർ (11ാം മിനിറ്റ്), തോമസ് മുള്ളർ (45), ജമാല്‍ മൂസിയാല (87) എന്നിവരാണ് ടീമിന്‍റെ മറ്റു സ്കോറർമാർ.

അഞ്ചാം മിനിറ്റില്‍ ബ്രസീല്‍ താരം കെവിനാണ് ഷാക്തറിനായി ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ബയേണ്‍ 12 പോയന്‍റുമായി എട്ടാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തില്‍ പി.എസ്.ജി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഓസ്ട്രിയൻ ക്ലബ് റെഡ് ബുള്‍ സാള്‍സ്ബാർഗിനെ വീഴ്ത്തിയത്. ഗോണ്‍സാലോ റാമോസ് (30ാം മിനിറ്റ്), ന്യൂനോ മെൻഡിസ് (72), ഡിസയർ ഡൗ (85) എന്നിവരാണ് സ്കോറർമാർ. പോയന്‍റ് പട്ടികയില്‍ 24ാം സ്ഥാനത്താണ് നിലവില്‍ ബയേണ്‍. ജനുവരിയില്‍ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, സ്റ്റുഗാർട്ട് ടീമുകള്‍ക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരങ്ങള്‍.

മറ്റു മത്സരങ്ങളില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജർമൻ ക്ലബ് ബയർ ലെവർകുസൻ ഇന്‍റർ മിലാനെയും പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ല ആർ.ബി ലൈപ്സ്ഷിനെയും പരാജയപ്പെടുത്തി. ആറു മത്സരങ്ങളില്‍ ആറും ജയിച്ച ലിവർപൂളാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *