വണ്ണം കുറയ്ക്കാന്‍ ഓട്‌സ് വേണ്ട കേരള വിഭവങ്ങള്‍ ധാരാളം!

നമ്മള്‍ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന ആഹാരങ്ങള്‍ പെട്ടെന്ന് മാറ്റി, ഓട്‌സ്, പച്ചക്കറികള്‍, സാലഡ് എന്നിവ കഴിക്കാന്‍ പറഞ്ഞാല്‍ പലര്‍ക്കും അത് സാധിച്ചെന്ന് വരില്ല.

അതുകൊണ്ട് തന്നെയാണ് പലരും ഡയറ്റെടുത്താലും പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും. ഈ പ്രശ്‌നങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നമ്മുടെ കേരളീയ ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ടു തന്നെ വണ്ണവും വയറും കുറച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പതിവാക്കേണ്ട ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

രാവിലെ പതിവാക്കേണ്ടവ

രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്സ് ചെറു ചൂടുവെള്ളം കുടിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. ചൂടുവെള്ളത്തിന് പകരം, ഒരു ടീസ്പൂണ്‍ ശുദ്ധമായ പശുവിന്‍ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ദഹനം കൃത്യമാക്കാനും, ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും നെയ്യ് സഹായിക്കുന്നു. അതിനാല്‍, രാവിലെ ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പല സെലിബ്രിറ്റികളും രാവിലെ നെയ്യ് കഴിച്ച്‌ ഒരു ദിവസം ആരംഭിക്കുന്നവരാണ്. നെയ്യ് അവരുടെ ഡയറ്റിന്റെ ഭാഗവുമാണ്. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും, വിസര്‍ജ്യം പുറത്ത് പോകാനും നെയ്യ് സഹായിക്കുന്നു. ആമാശയത്തിലെ അസിഡിറ്റി ലെവല്‍ നിയന്ത്രിക്കാനും നെയ്യ് സഹായിക്കുന്നതാണ്.

നെയ്യ് കഴിക്കുന്നതിന് പകരം, ഡീറ്റോക്‌സ് ഡ്രിങ്ക്‌സ് കഴിക്കുന്നത് നല്ലതാണ്. കരള്‍ ശുദ്ധീകരിക്കുന്നതിനും, ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത്തരം ഡീറ്റോക്‌സ് ഡ്രിങ്ക്‌സ് സഹായിക്കുന്നതാണ്. പതിവായി ഗ്രീന്‍ ടീ, അതുപോലെ, പെരുഞ്ചീരകം ചേര്‍ത്ത വെള്ളം എന്നിവയെല്ലാം പതിവാക്കുന്നത് ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതാണ്.

പ്രഭാത ഭക്ഷണം

വണ്ണവും വയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളീയ വിഭവങ്ങള്‍ തന്നെ പ്രഭാത ഭക്ഷണമായി കഴിക്കാവുന്നതാണ്. രാവിലെ ഉപ്പുമാവ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, റാഗി പുട്ട്, അല്ലെങ്കില്‍ ശുദ്ധമായ മട്ടരി ഉപയോഗിച്ച്‌ തയ്യാറാക്കുന്ന പുട്ട് എന്നിവ പ്രഭാത ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. പുട്ട് തയ്യാറാക്കുമ്ബോള്‍ നാളികേരം കുറച്ച്‌ മാത്രം ചേര്‍ക്കുക. അതുപോലെ, പുട്ട് ഒരു കഷ്ണം മാത്രം എടുക്കുക. പുട്ടിന്റെ കൂടെ പഴം ഒഴിവാക്കുക. പകരം, കടലക്കറി, കോഴിക്കറി, ഇറച്ചി എന്നിവ ചേര്‍ക്കാവുന്നതാണ്. കറി കൂടുതലും, പുട്ട് കുറവും എടുക്കുക. പുട്ടിന്റെ കൂടെ കഴിക്കാന്‍ എടുക്കുന്ന കറികളില്‍ വെളിച്ചെണ്ണ അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പുട്ടിന് പകരം, അപ്പം കഴിക്കാവുന്നതാണ്, രണ്ട് അപ്പം മാത്രം എടുക്കുക. ഇതിന്റെ കൂടെ പച്ചക്കറികളും, കോഴിയും ചേര്‍ത്ത് തയ്യാറാക്കുന്ന കുറുമ കഴിക്കാവുന്നതാണ്. ഇതിനു പകരം, കലടക്കറി, മുട്ട റോസ്റ്റ് എന്നിവ ചേര്‍ത്ത് കഴിക്കാവുന്നതാണ്. മുട്ട റോസ്റ്റ് തിരഞ്ഞെടുക്കുമ്ബോള്‍ കുറച്ച്‌ ഗ്രേവിയും, മുട്ട കൂടുതലുമായി എടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ഏകദേശം 8 മണിയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

ശരീരഭാരം കുറയ്ക്കാന്‍ കപ്പ നല്ലതാണോ? സത്യാവസ്ഥ ഇത്

ഇടവേളകളില്‍

11 മണിയ്ക്ക് മൂന്ന് ബദാം, ഉണക്കമുന്തിരി, കപ്പലണ്ടി എന്നിവ കഴിക്കുന്നത് നല്ലതാണ്.

ഉച്ച ഭക്ഷണം

നല്ല നാരുകളോട് കൂടിയ മട്ടയരി എടുക്കുക. ഒന്നര കപ്പ് മട്ടയരി ചോറ് എടുക്കുക. ഇതിന്റെ കൂടെ പ്രോട്ടീന്‍ അടങ്ങിയ കടല കറി, അല്ലെങ്കില്‍, ചെറുപയര്‍ തോരന്‍ എന്നിവ ചേര്‍ക്കുക. ഇതിനു പകരം, കോഴി, അല്ലെങ്കില്‍ മുട്ട എന്നിവ ചേര്‍ക്കാവുന്നതാണ്. ഗ്രീല്‍ ചെയ്‌തെടുത്ത പനീറും നല്ലതാണ്. മഷ്‌റൂം ഇഷ്ടമുള്ളവര്‍ക്ക് ഇതും ചേര്‍ക്കാവുന്നതാണ്. ചീര തോരന്‍, അല്ലെങ്കില്‍, ക്യാരറ്റ് ,ബീറ്റ്‌റൂട്ട്, അതുമല്ലെങ്കില്‍ ഇഷ്ടമുള്ള ഏതെങ്കിലും പച്ചക്കറി തോരന്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഉച്ചയ്ക്ക് ആഹാരം തിരഞ്ഞെടുക്കുമ്ബോള്‍ നാളികേരം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നാളികേരം ചേര്‍ക്കുകയാണെങ്കില്‍ കുറച്ച്‌ മാത്രം ചേര്‍ക്കുക. ഉച്ചയ്ക്ക് 1 മണിയ്ക്ക് മുന്‍പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

വൈകീട്ട്

4 മണിയ്ക്ക് ഒരു ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ജ്യൂസിന് പകരം, നട്‌സ് മൂന്നെണ്ണം വീതം കഴിക്കാവുന്നതാണ്. സാലഡ് കഴിക്കുന്നതും നല്ലതാണ്.

രാത്രി

രാത്രി 7 മണിയ്ക്ക് മുന്‍പ് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. രാത്രി സാലഡ് കഴിക്കാവുന്നതാണ്. സാലഡിന് പകരം, രണ്ട് പത്തിരിയും, മീന്‍കറിയും കഴിക്കാവുന്നതാണ്. ഇതിനു പകരം, കുറച്ച്‌ ഉപ്പുമാവും കറിയും കഴിക്കുന്നത് നല്ലതാണ്. അതുമല്ലെങ്കില്‍ നേന്ത്രപ്പഴം പുഴുങ്ങിയത് ഒരെണ്ണം കഴിക്കാം. ഇതുമല്ലെങ്കില്‍ മില്ലറ്റ് വേവിച്ച്‌ അതില്‍ പച്ചക്കറികള്‍ ചേര്‍ത്ത് പുലാവ് തയ്യാറാക്കി ഒരു കപ്പ് അളവില്‍ കഴിക്കാവുന്നതാണ്. ചോറ് കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒരു കപ്പ് അളവില്‍ ചോറ് എടുക്കാം. ചോറിന്റെ കൂടെ പച്ചക്കറികള്‍, അല്ലെങ്കില്‍ ഇറച്ചി വിഭവങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്.

ജീരകവെള്ളവും ചെറുചൂടുള്ള നാരങ്ങ വെള്ളവും: കൊഴുപ്പ് ഉരുക്കി തടിയൊതുക്കാം

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച്‌ ഡയറ്റിലും മാറ്റങ്ങള്‍ വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഏത് ആഹാരം എടുത്താലും വളരെ കുറവ് അളവില്‍ എടുത്ത് കഴിക്കുക. നാരുകളും പ്രോട്ടീനും ഡയറ്റില്‍ ധാരാളം ഉള്‍പ്പെടുത്തുക. എല്ലാ ദിവസവും ഒരേ സമയം ആഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *