‘അജിത് കുമാറിന്‍റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടി’; അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍

 എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനില്‍.

മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

തൃശൂർ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്ബാദനം, ആർ.എസ്.എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കം ഗുരുതര വിഷയങ്ങളില്‍ പ്രതിസ്ഥാനത്തുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെയാണ് ഡി.ജി.പിയാക്കാൻ കേരള സർക്കാർ ശിപാർശ ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ പരിശോധന സമിതിയുടെ ശിപാർശക്ക് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്.

ഗുരുതര ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പിന്‍റെ നാലുതരം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസിലെ ഉന്നത റാങ്കിലേക്ക് അജിത് കുമാറിനെ നിയോഗിക്കാൻ സർക്കാർ തീരുമാനമെടുത്തത്. 2026ല്‍ നിതിൻ അഗർവാള്‍ വിരമിക്കുന്ന ഒഴിവില്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കും.

ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ കാലാവധി കഴിയുമ്ബോള്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങുന്ന സുരേഷ്‌ രാജ് പുരോഹിതിന് ഡി.ജി.പി പദവി ലഭിക്കും. സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷൻ കാലാവധി നീട്ടുകയാണെങ്കില്‍ മാത്രമേ 2025 ജൂലൈയിലെ ഒഴിവില്‍ അജിത് കുമാറിനെ പരിഗണിക്കൂ. അല്ലാത്ത പക്ഷം 2026 ജൂലൈയില്‍ നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നത് വരെ കാത്തിരിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *