ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) 2024-25 സീസണില്‍ നവംബർ 8ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും 2-2ന് സമനിലയില്‍ പിരിഞ്ഞു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ സ്റ്റാർ ഫോർവേഡായ അലാഡിൻ അജാറൈ ഐഎസ്‌എല്ലില്‍ ഏറ്റവും വേഗത്തില്‍ 10 ഗോളുകള്‍ തികയ്ക്കുന്ന താരമായി ഇന്ന് ചരിത്രം സൃഷ്ടിച്ചു. വെറും എട്ട് മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് നേടിയത്.
കളിയുടെ ആദ്യ പാദത്തില്‍ അദ്ദേഹം രണ്ട് ഗോളുകള്‍ നേടി. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ ശ്രമങ്ങള്‍ക്കിടയിലും മത്സരം സമനിലയില്‍ അവസാനിച്ചതിനാല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിൻ്റ് മാത്രമേ നേടാനായുള്ളൂ.
8-ാം മിനിറ്റില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കില്‍ നിന്ന് അജാറൈ ഗോള്‍ നേടി. അവർക്ക് ലീഡ് നല്‍കി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബംഗളുരു പെട്ടെന്ന് മറുപടി നല്‍കി, ആല്‍ബെർട്ടോ നൊഗേര ആണ് സമനില പിടിച്ചത്.
14-ാം മിനിറ്റില്‍ ജിതിൻ എംഎസിന്റെ പ്രസിംഗ് ഗുർപ്രീതിനെ പിഴവിലേക്ക് നയിച്ചപ്പോള്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. പന്ത് ജിതിൻെറ പുറത്തേക്ക് തെറിച്ച് അജറൈയുടെ പാതയില്‍ പതിച്ചു, അദ്ദേഹം വീണ്ടും സ്കോർ ചെയ്ത് സ്കോർ 2-1 എന്നാക്കി.
എഴുപതാം മിനിറ്റില്‍ ബംഗളൂരു കോച്ച് ജെറാർഡ് സരഗോസ പകരക്കാരനായ റയാൻ വില്യംസിനെ കൊണ്ടുവന്നു, തൻ്റെ ആദ്യ ടച്ചില്‍ തന്നെ സമനില ഗോള്‍ നേടാൻ വില്യംസിനായി.
അടുത്ത മത്സരത്തില്‍ ബെംഗളൂരു എഫ്‌സി നവംബർ 27 ന് കൊല്‍ക്കത്തയില്‍ മുഹമ്മദൻ എസ്‌സിയെ നേരിടും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നവംബർ 23 ന് പഞ്ചാബ് എഫ്‌സിയുമായി കളിക്കാൻ ന്യൂഡല്‍ഹിയിലേക്ക് പോകും.