ഭാര്യവീട്ടിലുണ്ടായ വഴക്കിനിടെ യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യയും പിതൃസഹോദരന്മാരായ മൂന്നുപേരും അറസ്റ്റില്‍.
ആറാട്ടുപുഴ പെരുമ്ബള്ളി പുത്തൻപറമ്ബില്‍ വിഷ്ണു (34) ആണ് മരിച്ചത്. ഭാര്യ ആറാട്ടുപുഴ തറയില്‍ക്കടവ് തണ്ടാശ്ശേരില്‍ വീട്ടില്‍ ആതിര (31), പിതൃസഹോദരന്മാരായ തണ്ടാശ്ശേരില്‍ ബാബുരാജ് (55), പദ്മൻ (53), പൊടിമോൻ (51) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണു സംഭവം. വിഷ്ണു ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. അടിപിടിക്കിടെ വീണ് അബോധാവസ്ഥയിലായ വിഷ്ണുവിനെ കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഭർത്താവുമായി പിണങ്ങിയ ആതിര, ഒരുവർഷമായി കുടുംബവീട്ടിലാണു താമസം. ഇവർക്ക് ഏഴു വയസ്സുള്ള മകളുണ്ട്. അവധി ദിവസങ്ങളില്‍ മകളെ വിഷ്ണു തന്റെ വീട്ടിലേക്കു കൊണ്ടുപോകാറുണ്ട്.
ചൊവ്വാഴ്ച ജില്ലയില്‍ സ്കൂള്‍ അവധിയായിരുന്നതിനാല്‍ മകളെ കൂട്ടിക്കൊണ്ടുപോയി. രാത്രി ഭാര്യവീട്ടില്‍ തിരികെവിട്ടപ്പോള് അച്ഛനൊപ്പം മടങ്ങിപ്പോകണമെന്ന് കുട്ടി വാശിപിടിച്ചു. തുടർന്ന് വിഷ്ണുവും ആതിരയും തമ്മില്‍ തർക്കമുണ്ടായി. ബഹളംകേട്ട് ഓടിവന്ന പിതൃസഹോദരന്മാരും വിഷ്ണുവും തമ്മില്‍ അടിപിടിയുണ്ടായതായും പോലീസ് പറഞ്ഞു.
വിഷ്ണുവിന്റെ ശരീരത്തില്‍ പുറമേ വലിയ പരിക്കുകളില്ല. തലയ്ക്കുപിന്നില്‍ മുറിവേറ്റ പാടുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാണോയെന്നതില് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പേരില്‍ നരഹത്യക്കാണു കേസ്.