മന്ത്രിക്ക് കത്തയച്ച് ആറാം ക്ലാസുകാരി
ഫാത്തിമയുടെ ആശങ്കകള്‍ പരിശോധിക്കുമെന്നും വിവരം മറുപടി കത്തിലൂടെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു
കണ്ണൂര്‍: കതിരൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ ആറാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിയായ ഫാത്തിമ എംപിയുടെ നന്ദി പറഞ്ഞും സങ്കടമറിയിച്ചുമുള്ള കത്തിനാണ് മന്ത്രി മറുപടി പറഞ്ഞത്. ഫാത്തിമയുടെ കത്ത് മന്ത്രി ഫോസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഫാത്തിമയുടെ ആശങ്കകള്‍ പരിശോധിക്കുമെന്നും വിവരം മറുപടി കത്തിലൂടെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
‘കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ആറാം ക്ലാസുകാരി ഫാത്തിമ എം പി യുടെ കത്ത് എനിക്ക് ലഭിച്ചു. അതിലെ ഒരു വരി ഞാന്‍ ഇവിടെ കുറിക്കട്ടെ, ‘പണമില്ലാത്ത കുട്ടികളെ പഠനയാത്രയില്‍ സൗജന്യമായി കൊണ്ടുപോകണം എന്ന വാക്കാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും യാത്രയില്‍ പങ്കെടുക്കാന്‍ കാരണമായത്’. ഹൃദയം നിറഞ്ഞു, ഏറെ സന്തോഷം. സ്‌കൂള്‍ സംബന്ധിച്ച് കത്തില്‍ കുറിച്ച കാര്യങ്ങള്‍ പരിശോധിക്കും. മോളെ മറുപടിക്കത്തിലൂടെ അറിയിക്കും’, മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മൈസൂര്‍ പഠനയാത്രയ്ക്ക് എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെക്കാനാണ് ഫാത്തിമ മന്ത്രിക്ക് കത്തയച്ചത്. മന്ത്രിയുടെ വാക്കുകളാണ് ഇതിന് കാരണമായതെന്നും കത്തില്‍ പറയുന്നു. പഠനയാത്രയ്ക്കുള്ള മുഴുവന്‍ കുട്ടികളുടെയും ചെലവ് ഒരു പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഏറ്റെടുത്തതെന്നും പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെയും പഠനയാത്രയില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്ന ഉത്തരവ് പാലിച്ച കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍ തങ്ങളുടേതാണെന്നും ഫാത്തിമ പറയുന്നു.
അതേസമയം സ്‌കൂളിലെ ചില പ്രതിസന്ധികളും ഫാത്തിമ പങ്കുവെക്കുകയായിരുന്നു. ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് തങ്ങളുടേതെന്നും സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പ്രയാസം നേരിടേണ്ടി വരുന്നുണ്ടെന്നും ഫാത്തിമ പറയുന്നു. സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിച്ചുതരാന്‍ സഹായിക്കണമെന്നും ഫാത്തിമ അഭ്യര്‍ത്ഥിച്ചു.