എറണാകുളം അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍ക്കായി പ്രത്യേക സഭാകോടതി രൂപീകരിച്ചു. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസില്‍ ആണ് പ്രത്യേക സഭാ കോടതി സ്ഥാപിച്ചത്.
സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലാണ് കോടതി സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ വിമത വൈദികർക്കും വിശ്വാസികള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സഭാ നേതൃത്വത്തിന്റെ നീക്കം.
സീറോ മലബാർ സഭയിലെ മറ്റു രൂപതകളില്‍ സിനഡ് നിർദേശിച്ച ഏകീകൃത കുർബാന നേരത്തേ നടപ്പിലാക്കിയിരുന്നു. സഭാസിനഡും മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പലതവണ നിർദ്ദേശം നല്‍കിയിട്ടും എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുർബാന സാധ്യമായിട്ടില്ല. ഒരു വിഭാഗം വിമത വൈദികരും വിശ്വാസികളും ഇപ്പോഴും ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക കോടതി സ്ഥാപിച്ച് അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചതെന്നാണ് സഭാ നേതൃത്വം പറയുന്നത്.
റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ അനുമതിയോടെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ കോടതി നിലവില്‍ വന്നതായി സീറോ മലബാർ സഭ ഔദ്യോഗികമായി അറിയിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടിലാണ് കോടതി സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുർബാന സാധ്യമാകാത്തത് വിശ്വാസികള്‍ക്കിടയില്‍ ഭിന്നതക്കും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനും കാരണമായെന്നും അതിനാലാണ് പ്രത്യേക കോടതി സ്ഥാപിക്കേണ്ടി വന്നതെന്നും സഭാ നേതൃത്വം പറയുന്നു. സാധാരണയായി രൂപതകളിലെ നടപടികള്‍ക്ക് അതാത് രൂപതകളിലാണ് കോടതികള്‍ സ്ഥാപിക്കാനുള്ളത്.
എറണാകുളം അങ്കമാലി രൂപതയില്‍ നിലവില്‍ സാഹചര്യത്തില്‍ കോടതി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് സഭ ആസ്ഥാനത്ത് പ്രത്യേക കോടതി സ്ഥാപിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ അച്ചടക്ക ലംഘനം നടത്തുന്ന വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതിക്ക് അധികാരം ഉണ്ടാകുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി. വിമത സ്വരമുയർത്തുന്ന വൈദികരെയും വിശ്വാസികളെയും സഭയുടെ അധികാരം ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിൻ്റെ ഭാഗമാണ് ഈ പ്രത്യേക കോടതിയെന്നാണ് വിലയിരുത്തല്‍.