സ്കൂളുകൾ വഴി വിദ്യാർഥികൾക്ക് ആധാർ കാർഡുകൾ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവിൽ വരും. ആധാർ നൽകുന്ന സംഘടനയായ യുണീക് ഐഡൻറിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച് തീരുമാനം എടുത്തുകഴിഞ്ഞു. രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ വഴി കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം. ഇതോടെ ആധാർ അപ്ഡേറ്റിൻറെ കേന്ദ്രമായി സ്കൂളുകൾ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണ്.
അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂൾ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങൾ അനുസരിച്ച് അഞ്ച് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് അപ്ഡേഷൻ സൗജന്യമാണ്.
എന്നാൽ ഏഴ് വർഷത്തിനു ശേഷം അതിന് 100 രൂപ ഫീസ് നൽകണം. നിശ്ചിത സമയത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ കുട്ടികൾക്ക് സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും ആനുകൂല്യങ്ങളും ലഭിക്കില്ല.
ബയോമെട്രിക് അപ്ഡേറ്റിനു ശേഷം സ്‌കൂൾ പ്രവേശനം, സ്കോളർഷിപ്പ്, പരീക്ഷാ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളിൽ ആധാർ കാർഡ് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. ഇത് കുട്ടികൾക്ക് സുഗമവും തടസരഹിതവുമായ തിരിച്ചറിയൽ പ്രക്രിയയും ഉറപ്പാക്കും. 15-ാമത്തെ വയസിൽ രണ്ടാമത്തെ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റിനായി സ്കൂളുകളിലൂടെയും കോളജുകളിലൂടെയും ഈ സൗകര്യം ലഭ്യമാക്കാനും യുഐഎഡിഐക്ക് പദ്ധതിയുണ്ട്.


