തിരുവനന്തപുരം|സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം ആയിരിക്കും.
ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചെമ്ബഴന്തിയിൽ അജയൻ രക്ത സാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വിശ്വാസികളെ കൂടി ചേർത്ത് വർഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ചു കൊടുക്കാനല്ല. അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡാണ്. അതിന് രാജ്യത്തിന്റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നാണ് ഇന്നലെ എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും ഇന്നലെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.


