തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുര നടയില്‍ തുടങ്ങിയ സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന മാവേലിസ്റ്റേറിന്റെയും ഉദ്ഘാടനം റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഓണം ഫെയര്‍ നാടിനാകെ അഭിമാനമായി മുന്നോട്ടു പോകുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നിലവില്‍ സപ്ലൈകോയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക്പുറമേ റേഷന്‍ കാര്‍ഡിലൂടെ സബ്‌സിഡി നിരക്കിലും സബ്‌സിഡി ഇതരസാധനങ്ങള്‍ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എം.ആര്‍.പി വിലയില്‍ നിന്നും അഞ്ചു മുതല്‍ 50 ശതമാനം വിലക്കുറവിലും സപ്ലൈകോയുടെ ഓണം ഫെയറില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകര്‍ഷകമായ വിലയില്‍ 18 സാധനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 സാധനങ്ങള്‍ അടങ്ങിയ മിനി സമൃദ്ധി കിറ്റ്, ഒന്‍പത് സാധനങ്ങള്‍ അടങ്ങിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ്, ഗിഫ്റ്റ് കാര്‍ഡ് കൂപ്പണ്‍ തുടങ്ങിയ നല്ല സ്‌കീമുകളും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ. രാജന്‍ തൃശ്ശൂര്‍ സ്വദേശിനി ജയന്തിക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കിക്കൊണ്ട് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജര്‍ ജി. സുമ, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ. ആശ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്ലൈകോ ജില്ലാ ഓണം ഫെയറില്‍ പഞ്ചസാര, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, ചെറുപയര്‍, വന്‍പയര്‍, വന്‍കടല, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഓണം ഫെയര്‍ സെപ്തംബര്‍ നാലുവരെ തുടരും.


