സംസ്ഥാന സർക്കാർ ഇന്നലെ പ്രഖ്യാപിച്ച ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ളവയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സർക്കാരിൻ്റെ പൊടിക്കൈയാണിത് എന്നും എന്നാൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ള ഏത് തീരുമാനത്തേയും തങ്ങൾ സ്വാഗതം ചെയ്യുമെന്നും സതീശൻ പറഞ്ഞു.പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്ന് വെള്ളത്തിൽ വീണ സർക്കാർ രക്ഷപ്പെടാൻ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. പെൻഷൻ തുക 2500 രൂപയാക്കും എന്നതായിരുന്നു എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം എന്നും തിരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തിൽ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും സതീശൻ ചോദിച്ചു. ‘പ്രകടന പത്രികയിലെ വാഗ്ദാനം നാലരക്കൊല്ലം കഴിഞ്ഞാണ് കൂട്ടിയത്. അടുത്ത ആഴ്‌ച തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അത് കഴിഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. നാലരക്കൊല്ലത്തിലധികം കാലം ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം പാലിച്ചില്ല. 2500 കൊടുക്കാമെന്ന് പറഞ്ഞിടത്ത് 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്,’ സതീശൻ ആരാഞ്ഞു. പെൻഷൻ വാങ്ങുന്നവർക്ക് യഥാർഥത്തിൽ 900 രൂപ വീതം നഷ്ടമായിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.


