ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കുകയാണ്.
2019 മുതൽ 2025 വരെയുള്ള കാലയളവിൽ ബോർഡിൽ ഉണ്ടായിരുന്ന അംഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും എസ്‌ഐടി പ്രധാനമായും ചോദ്യം ചെയ്യുക. ഇക്കാലയളവിലെ ബോർഡ് യോഗങ്ങളുടെ മിനിറ്റ്സ് രേഖകൾ അന്വേഷണ സംഘം ഇതിനോടകം ശേഖരിക്കുകയും വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റി ശബരിമല മറയാക്കി നടത്തിയ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങളും എസ്ഐടി അന്വേഷണത്തിൽ പുറത്തുവന്നു. ശബരിമലയിൽ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കിയ പോറ്റി, ഈ ബന്ധം ദുരുപയോഗം ചെയ്‌താണ് ഇതര സംസ്ഥാനങ്ങളിലെ ധനികരുമായി സ്വാധീനം ഉറപ്പിച്ചത്. ദേവസ്വം ബോർഡിലെ ഉന്നതരുമായി ബന്ധമുണ്ടാക്കിയതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്ന് ഇതര സംസ്ഥാനങ്ങളിലുള്ളവരെ വിശ്വസിപ്പിച്ച് തട്ടിപ്പുകൾ നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി അറിയിച്ചു.


