ഓണക്കാലത്ത് ജില്ലയിലെ ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ ഉല്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ – കൈത്തറി പ്രദർശന വിപണന മേളയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് ആദ്യവില്പന നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ, മാനേജർ ജി. പ്രണാപ്, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
7000 സ്ക്വയർ ഫീറ്റിൽ 55 സ്റ്റാളുകളിലായി 60 ൽപ്പരം എംഎസ്എംഇ സംരംഭകരുടെയും ആറ് കൈത്തറി സംഘങ്ങളുടെയും ഉൽപ്പന്നങ്ങൾ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. പഴമയുടെ തനിമ വിളിച്ചോതുന്ന കരകൗശല വസ്തുക്കൾ, മരം കൊണ്ട് തീർത്ത ആകർഷകമായ ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, ബെഡുകൾ, വെള്ളി ആഭരണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, പ്ലാസ്റ്റിക് നിർമ്മിത ഉൽപ്പന്നങ്ങൾ, പാക്കേജ് മെഷിനറികൾ, ബേക്കറി ആൻഡ് കിച്ചൻ ഉപകരണങ്ങൾ, വെൽനസ് ഉപകരണങ്ങൾ, മില്ലറ്റുകൾ കൊണ്ടുള്ള ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ മൂന്ന് വരെ രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ പ്രദർശന സമയം. പ്രവേശനം സൗജന്യം.


