സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാട്ടാക്കട നിയോജക മണ്ഡലത്തിന്റെയും നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിലെ ആദ്യ ഘട്ടത്തിൽ 119 പേർക്ക് ജോലി ലഭിച്ചു. മലയിൻകീഴ് പഞ്ചായത്തിലെ അംഗപരിമിതനായ അരുൺ കൃഷ്ണ ആദ്യ ഓഫർ ലെറ്റർ സ്വീകരിച്ചു.
60 ഉദ്യോഗാർഥികൾക്ക് ജോലി നൽകിയ അക്രോമാക്സ് എന്ന പേപ്പർ ബാഗ് നിർമ്മാണ കമ്പനിയാണ് ഏറ്റവും കൂടുതൽ പേർക്ക് അവസരം നൽകിയത്. 250 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ രജിസ്റ്റർ ചെയ്ത മറ്റ് തൊഴിൽ അന്വേഷകർക്ക് അടുത്ത ഘട്ടത്തിൽ ഒഴിവ് വരുന്നത് അനുസരിച്ച് ജോലി ലഭിക്കും.
നേമം ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടന്ന തൊഴിൽ മേള മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേശകനുമായ ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ രഹിതരായ 30 ലക്ഷത്തോളം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം തൊഴിൽമേളകൾ മികച്ച സാമൂഹ്യ വിപ്ലവത്തിലേക്കുള്ള തുടക്കം ആണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് എം.എൽ.എ ഐ.ബി സതീഷ് പറഞ്ഞു.
ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കുകയാണ് വിജ്ഞാന കേരളം പദ്ധതി വഴി ലക്ഷ്യമിടുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. കെ പ്രീജ,നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ അജയ്‌ഘോഷ്, വിജ്ഞാനകേരളം ജില്ലാ മിഷൻ കോഡിനേറ്റർ ജിൻരാജ് പി വി , കുടുംബശ്രീ ഡിഎംസി രമേശ് ജി തുടങ്ങിയവർ പങ്കെടുത്തു.


