മൂവാറ്റുപുഴ: കൈക്കുഞ്ഞുമായി ബസിൽ സഞ്ചരിച്ച ഗർഭിണിയെ അപമാനിച്ചത് ചോദ്യംചെയ്ത ഭർത്താവിന് ക്രൂരമർദനം.
മംഗലത്ത്നട പുന്നത്തട്ടേൽ സനു ജനാർദനനാണ് (32) മുഖത്തും നെറ്റിയിലും സാരമായി പരിക്കേറ്റത്. സനു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ മൂവാറ്റുപുഴ കച്ചേരിത്താഴത്താണ് സംഭവം. എറണാകുളം-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ‘സെയ്ന്റ് തോമസ് ബസിൽ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിൽനിന്ന് മംഗലത്ത്നടയ്ക്കു പോകാൻ കയറിയതായിരുന്നു സനുവും കുഞ്ഞും ഗർഭിണിയായ ഭാര്യയും.
ബസിൽ തിരക്കുള്ളതിനാൽ സനു ഒരു വശത്തെ സീറ്റിലും ഭാര്യയും കുഞ്ഞും നേരേ എതിർവശത്തെ സീറ്റിലുമാണ് ഇരുന്നിരുന്നത്. ഇതിനിടെ അക്രമി യുവതിയെ ആംഗ്യം കാണിച്ചും അസഭ്യം പറഞ്ഞും അപമാനിച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് കാര്യം മനസ്സിലാക്കിയ സനു ഇത് ചോദ്യം ചെയ്തു. അപ്പോഴേക്കും ബസ് കച്ചേരിത്താഴത്തെത്തിയിരുന്നു. തർക്കത്തിനിടെ അക്രമി കൈയിലിരുന്ന ആയുധം ഉപയോഗിച്ച് സനുവിന്റെ മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. യാത്ര തുടർന്ന ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടു. ബസിന്റെ വേഗം കുറഞ്ഞതോടെ പ്രതി ചാടി കടന്നുകളഞ്ഞു. കച്ചേരിത്താഴം പാലം കഴിഞ്ഞ് നെഹ്റുപാർക്കിലാണ് ബസ് നിർത്തിയത്. ബന്ധുകാർ വിഷയത്തിലിടപെടാതെ പോവുകയും ചെയ്തു. മുറിവേറ്റ് രക്തംവാർന്ന യാത്രക്കാരെ കണ്ട് സ്ഥലത്തുണ്ടായിരുന്നവർ തടിച്ചുകൂടി. ഗതാഗത ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസെത്തി ഇവരെ ജനറൽ ആശുപത്രിയിലേക്കയച്ചു. പോലീസ് പ്രതിയെ തിരയുകയാണ്. സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ബസ് ജീവനക്കാരെയും ചോദ്യം ചെയ്തു.


