ചേർത്തല: മൂന്നാഴ്ച മുൻപ് മദ്യലഹരിയിൽ മക്കൾ മർദിച്ചതിനെ തുടർന്ന് സാന്ത്വനപരിചരണ
കേന്ദ്രത്തിലേക്ക് മാറ്റിയ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു
പട്ടണക്കാട് പഞ്ചായത്ത് 8-ാം വാർഡ് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരാണ് (79) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മക്കളായ അഖിൽ ചന്ദ്രൻ (30), നിഖിൽ ചന്ദ്രൻ (30) എന്നിവർ റിമാൻഡിലാണ്.
പിതാവിനെ മർദിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്യതാണ് കേസ്.
മർദനമേറ്റ് അവശനായ ചന്ദ്രശേഖരനെ മൂത്തമകൻ പ്രവീണാണ് ചേർത്തലയിലെ സ്വകാര്യ സാന്ത്വനകേന്ദ്രത്തിലേക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിന് അർത്തുങ്കൽ പോലിസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ പരിക്കുകളാണോ മരണകാരണമെന്ന് വ്യക്തമാകൂ. മർദനമാണ് മരണ കാരണമെങ്കിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് പോലിസ് അറിയിച്ചത്.
ഓഗസ്റ്റ് 24നാണ് കട്ടിലിൽ കിടന്നിരുന്ന ചന്ദ്രശേഖരനെ അഖിൽ സ്റ്റീൽ വളകൊണ്ട് തലയിൽ അടിക്കുകയും കൈകൾ കുട്ടിപ്പിടിച്ച് കഴുത്തിൽ ഞെരിക്കുകയും ചെയ്തത്. നിഖിൽ മൊബൈലിൽ വീഡിയോ പകർത്തികയും മാതാവ് സമീപത്തു നിസ്സഹായയായി ഇരിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. ദൃശ്യങ്ങൾ മൂത്ത സഹോദരൻ പ്രവീണിനും സുഹൃത്തുക്കൾക്കും അയച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യത്.


