Tuesday, December 9, 2025
spot_img
HomeKERALAമുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം;കയ്പമംഗലം മണ്ഡലത്തിലെ പദ്ധതികള്‍ അവതരിപ്പിച്ചു

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം;കയ്പമംഗലം മണ്ഡലത്തിലെ പദ്ധതികള്‍ അവതരിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായി മണ്ഡലത്തില്‍ അടിയന്തര ശ്രദ്ധ വേണ്ട പദ്ധതികളെക്കുറിച്ച് അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ എം.എല്‍.എ മാരേയും ഉള്‍പ്പെടുത്തി ചേര്‍ന്ന യോഗത്തില്‍ കയ്പമംഗലം മണ്ഡലത്തില്‍ അടിയന്തര ശ്രദ്ധ വേണ്ട പദ്ധതികളെക്കുറിച്ച് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ വിശദ്ധീകരിച്ചു.

തൃശ്ശൂര്‍, എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നായ അഴീക്കോട് മുനമ്പം പാലത്തിന്റെ പണി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പാലത്തിന്റെ 60 ശതമാനം പണി നിലവില്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. എറണാകുളം നഗരത്തിലേക്ക് വളരെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന തീരദേശവാസികളുടെ സ്വപ്ന പദ്ധതിയായ ഈ പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തണമെന്ന് എം.എല്‍.എ ചൂണ്ടികാട്ടി.

തീരദേശ നിയോജകമണ്ഡലമായ കയ്പമംഗലം നിയോജക മണ്ഡലത്തില്‍ കടലേറ്റവും അതുമൂലം ഒട്ടനവധി ദുരിതങ്ങളും തീരദേശവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ടെട്രോപാഡ് വിരിച്ച് കടലേറ്റം തടയുന്നതിന് ആവശ്യമായ പഠനവും മറ്റു അനുബന്ധ നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. 2022-23 സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയതും നിരവധി ആലോചന യോഗങ്ങള്‍ നടന്നതുമായ ഈ പ്രവൃത്തി എത്രയും വേഗം നടപ്പില്‍ വരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

കൂടാതെ മണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാവുന്ന നാട്ടിക കുടിവെള്ള പദ്ധതി ഭരണാനുമതിയും മറ്റു പ്രാരംഭ നടപടികളും തുടങ്ങിയിട്ടുള്ളതാണ്. ഈ പദ്ധതി നിര്‍വഹണത്തിനായി സ്‌പെഷല്‍ ഓഫീസര്‍മാരുടെ നിയമനം ഉണ്ടാവുകയും എത്രയും വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ ഉപജീവനം നടത്തുന്ന അഴീക്കോട് മേഖലയില്‍ ഇവരുടെ മത്സ്യം വിപണനം നടത്തുന്നതിനായി അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍ ആരംഭിക്കുകയും പിന്നീട് സാങ്കേതിക പ്രശ്‌നത്തില്‍ നിലച്ചുപോവുകയും ചെയ്തിട്ടുള്ളതാണ്. ഇത് പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങളും ഇനിയും പൂര്‍ത്തീകരിക്കേണ്ട പദ്ധതികളും വിശദ്ധമായി തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കണമെന്നും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments