മാങ്കുറുശ്ശി മാങ്കുറുശ്ശിയിൽ 83 വയസ്സുള്ള സ്ത്രീയെയും ഭർതൃസഹോദരനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.മാങ്കുറുശ്ശി പങ്കട് നിവാസിൽ പരേതനായ വാസുവിന്റെ ഭാര്യ പങ്കജം, ഭർതൃസഹോദരൻ രാജൻ (80) എന്നിവരാണ് മരിച്ചത്.
വീടിന്റെ മുകളിലെ നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രാജൻ. പങ്കജം കിടപ്പുമുറിയിലാണ് കിടന്നിരുന്നത്. മധ്യപ്രദേശിലെ ഭിലായിൽ ജോലിചെയ്തിരുന്ന ഇവർ വർഷങ്ങളായി മാങ്കുറുശ്ശിയിൽ താമസിച്ചുവരികയായിരുന്നു. പങ്കജത്തിന്റെ മകൻ രാജേഷ് കുടുംബവുമൊത്ത് കഴിഞ്ഞദിവസം തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. ചൊവ്വാഴ്ച അമ്മയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെവന്നതിനെത്തുടർന്ന് മാതൃസഹോദരനായ സഹദേവനെ വിളിച്ച് വിവരം പറയുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പങ്കജത്തിന്റെ വീട്ടിലെത്തിയ സഹദേവൻ വീടിന്റെ മുൻവാതിൽ അടച്ചനിലയിൽ കണ്ടെത്തി.വീട്ടിലെ ഹാളിൽ ഒട്ടിച്ചനിലയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇരുവർക്കും അസുഖമുണ്ടായിരുന്നതായും രോഗം കൊണ്ട് മനംമടുത്താണ് ആത്മഹത്യയെന്നും കുറിപ്പിലുള്ളതായി പറയുന്നു.


