പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയയ്ക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിൽ സിപിഐക്ക് അതൃപ്തിയുണ്ടെങ്കിലും ഇക്കാര്യം മന്ത്രിസഭയിൽ ഉന്നയിക്കില്ല. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ പദ്ധതിയിലെ കത്തിന്റെ കാര്യം ഉന്നയിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഇന്നലെ ചേർന്ന സിപിഐ സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ കത്തു വൈകുന്ന കാര്യം ഉയർന്നിരുന്നു. ബോധപൂർവം കത്തു വൈകിപ്പിക്കുകയാണോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്. കത്തയയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. കത്തിന്റെ കാര്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാതെ സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താനാണ് സിപിഐ ആലോചിക്കുന്നത്.


