ബാലികയ്ക്കെതിരെ ലൈംഗിക പീഡനം 19 കാരന് 38 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പല തവണ ലൈംഗിക പീഢനം നടത്തിയ കേസിലെ പ്രതിയായ വെങ്കിടങ്ങ് പാടൂർ, സ്വദേശിയായ ഇടിയഞ്ചിറ ദേശത്ത് വെട്ടേക്കാട്ട് വീട്ടിൽ നവീൻ കൃഷ്ണ (19) നെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി 38 വർഷം കഠിനതടവും 96,000/- രൂപ പിഴയും ശിക്ഷവിധിച്ചത്. പിഴ അടക്കാത്ത പക്ഷം 19 മാസവും 5 ദിവസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവിട്ടു.
2023 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിലായി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഢനം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. പീഡന വിവരം പാവറട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിന് തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ വൈശാഖ് ഡി . FIR രജിസ്റ്റർ ചെയ്തു. എസ് എച്ച് ഒ രമേഷ് എം. കെ. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.


