പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ ലൈംഗികമായി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ
.മണത്തല വില്ലേജിൽ പുത്തൻ കടപ്പുറം ദേശത്ത് പണിക്കവീട്ടിൽ ഹൗസിൽ ജംഷീർ (27) എന്നയാളെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജ് 50 വർഷം കഠിനതടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 50 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന പക്ഷം പിഴ തുകയിൽ നിന്നും 2,00,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 08/07/2020 തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മൊബൈൽ ഫോൺ വഴിയും നേരിട്ടും പിന്തുടർന്നും പ്രലോഭിപ്പിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു. തുടർന്ന് അതിജീവിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും ചികിത്സയിൽ സ്കാനിങ് നടത്തിയ ഘട്ടത്തിൽ അതിജീവിത ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഹോസ്പിറ്റൽ അധികൃതർ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് അറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷൗജത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി .തുടർന്ന് അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ് .ഐ .രാജേഷ് സി കെ .FIR രജിസ്റ്റർ ചെയ്ത് വിദഗ്ധ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.ചാവക്കാട് ഇൻസ്പെക്ടർമാരായ ജയപ്രസാദ് കെ പി, ബോബിൻ മാത്യു, വിപിൻ കെ വേണുഗോപാൽ എന്നിവരാണ് അന്വേഷണം നടത്തി
കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും DNA റിപ്പോർട്ട് അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അടക്കം 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർമാരായ സിന്ധു എം. ആർ., പ്രസീത എ എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.


