പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തി നഗരസഭകൗൺസിലർ. പാലക്കാട് നഗരസഭ കൗൺസിലർ മൻസൂർ മണലാഞ്ചേരിയാണ് രാഹുലിനെ പിന്തുണച്ചെത്തിയത്.
രാഹുലിനെ ഒറ്റക്കിട്ട് ആക്രമിക്കുന്നത് പാർട്ടിയെ വളർത്തില്ല, തളർത്തും. ഇത് നേതാക്കൾ ഓർത്താൽ നല്ലത്. നേതാക്കൾ കൈമലർത്തിയാലും പാലക്കാട് കാലുകുത്തിയാൽ അനുഭാവികൾ രാഹുലിന് പ്രതിരോധ കവചം തീർക്കുമെന്നാണ് മൻസൂർ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മൻസൂറിന്റെ പിന്തുണ പ്രഖ്യാപനം.
ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് കത്ത് കൈമാറിയത്. രാഹുൽ നിയമസഭയിൽ വരുന്നതിൽ ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.
അതേസമയം രാഹുലിനെ സംരക്ഷിക്കണമെന്നാണ് എ ഗ്രൂപ്പിന്റെയും ഒരു വിഭാഗം നേതാക്കളുടെയും നിലപാട്. ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നിട്ടും ഭരണകക്ഷി എംഎൽഎമാർ സഭയിൽ എത്തുന്നുണ്ടെന്നാണ് ന്യായീകരണം.


