തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കുമ്ബോഴും രാഹുൽ മാങ്കൂട്ടത്തിലിന്റെ്റെ സമ്മേളന പങ്കാളിത്തത്തിൽ കോൺഗ്രസിൽ അവ്യക്തത തുടരുന്നു. രാഹുലിനെ പാർലമെൻ്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും ഇരിപ്പിടം മുതൽ സമീപനം വരെയുള്ള വിഷയത്തിൽ നിലപാടിലെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. കോൺഗ്രസ് എം.എൽ.എമാരുടെ ബ്ലോക്കിൽനിന്ന് രാഹുലിനെ ഒഴിവാക്കണമെങ്കിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പാർലമെൻ്ററി പാർട്ടി കത്ത് നൽകണം. രാഹുലിനെതിരെ നടപടിയെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും കത്ത് നൽകണോ വേണ്ടയോ എന്നതിൽപോലും ധാരണയായില്ല. സസ്പെൻഷന് പിന്നാലെ ഒരു വിഭാഗം നേതാക്കൾ രാഹുലിനെ പിന്തുണച്ചതോടെയാണ് നേതൃത്വം ആശയക്കുഴപ്പത്തിലായത്. പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കുകയും സഭയിലെ ബ്ലോക്കിൽ തുടരാൻ അനുവദിക്കുകയും ചെയ്യുന്നത് അച്ചടക്ക നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യുമെന്ന വാദം കോൺഗ്രസിൽ പ്രബലമാണ്. അതിനാൽ കത്ത് നൽകാനാണ് സാധ്യത. സഭസമ്മേളനം തുടങ്ങാനിരിക്കെ ഇനിയും അവ്യക്തത തുടരുന്നത് ദോഷംചെയ്യുമെന്ന വിലയിരുത്തിലിൽ 15ന് അടിയന്തര കെ.പി.സി.സി യോഗം ചേരുമെന്നാണ് വിവരം


