കുന്നംകുളം ∙ കാണിപ്പയ്യൂറിൽ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുൻ കുന്നംകുളം നഗരസഭ കൗൺസിലർ ഇന്ദിരയുടെ ഭർത്താവ് ലതഭവനിൽ താമസിക്കുന്ന 65 വയസ്സുള്ള ശശികുമാറിനെയാണ് നായ ആക്രമിച്ചത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ശശികുമാർ വീട് മുമ്പിൽ നിൽക്കുമ്പോൾ തെരുവ് നായ പാഞ്ഞെത്തി കയ്യിൽ കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ് കിടന്നശശികുമാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂരിലേക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കുന്നംകുളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരൻ അറിയിച്ചു.സംഭവത്തെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അടിയന്തര യോഗം വിളിച്ചു ചേർത്തു.
പ്രദേശത്ത് മറ്റ് തെരുവ് നായകളെ ഈ നായ കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പ്രദേശവാസികൾ വലിയ ആശങ്കയിലാണുള്ളത്. മറ്റു തെരുവ് നായകൾക്കും പേവിഷം ബാധിച്ചിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ആശുപത്രിയിലും നഗരസഭയിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.


