കൊച്ചി: എളമക്കരയിൽ തെങ്ങ് കയറുന്നതിനിടയിൽ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വരാപ്പുഴ മുട്ടിനകം സ്വദേശി മാട്ടുമ്മപറന്പിൽ എം.ബി. ഉണ്ണികൃഷ്ണൻ (49) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പോസ്റ്റേറ്റ്മാർട്ടം ചൊവ്വാഴ്ച നടത്തും. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
എളമക്കര ബേബിസ്മാരക റോഡിലെ വീട്ടിൽ തെങ്ങ് കയറാൻ എത്തിയതാണ് ഉണ്ണികൃഷ്ണൻ. തെങ്ങിൽ കയറി നിമിഷങ്ങൾക്കുള്ളിൽ ഇയാളുടെ ബോധം നഷ്ടപ്പെട്ടു. 42 അടി ഉയരമുള്ള തെങ്ങിന്റെ മുകളിൽ ഉണ്ണി ബോധമില്ലാതെ തൂങ്ങിക്കിടക്കുന്നത് സമീപവാസികളാണ് കണ്ടത്. തുടർന്ന് ഗാന്ധിനഗർ, തൃക്കാക്കര യൂണിറ്റുകളിൽനിന്ന് അഗ്നിരക്ഷാസേനയും എളമക്കര പോലീസും സ്ഥലത്തെത്തി. നാലു മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ മറ്റൊരു തെങ്ങ് കയറ്റ തൊഴിലാളിയുടെ സഹായത്തോടെയാണ് മൃതദേഹം താഴെയിറക്കിയത്. ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മെഷീൻ ഉപയോഗിച്ചാണ് ഇയാൾ തെങ്ങ് കയറിയത്.അരയ്ക്കുചുറ്റും കയറും കെട്ടിയിരുന്നു. ഇതു കാരണംബോധം നഷ്ടമായെങ്കിലും ശരീരം താഴേയ്ക്ക് വീണില്ല.അഗ്നിരക്ഷാസേനയെത്തിയെങ്കിലും ഉണ്ണിയുടെകാലുകൾ മെഷീനിൽകുടുങ്ങിക്കിടന്നിരുന്നതുകൊണ്ട്താഴെയിറക്കാൻ ബുദ്ധമുട്ടി. അഗ്നിരക്ഷാസേനയുടെ ഏണി തെങ്ങിന്റെ മുകൾഭാഗം വരെ എത്തിയില്ല.
സമീപത്ത് മരക്കൊമ്ബുകളൊന്നുമില്ലാത്തതും തെങ്ങിനു താഴെ കിണറുണ്ടായിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തുടർന്ന് റോപ്പ്
റെസ്ക്യൂവിലൂടെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയുടെ സഹായത്തോടെ പന്ത്രണ്ടോടെയാണ് മൃതദേഹം താഴെയിറക്കിയത്. വർഷങ്ങളായി പ്രദേശത്ത് തെങ്ങ് കയറാനും മരം വെട്ടാനും ഉണ്ണിയാണ് വന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രമേഹത്തെ തുടർന്ന് കുറച്ചുനാൾ ജോലിയിൽനിന്ന് വിട്ടു
നിൽക്കുകയായിരുന്നു. തിങ്കളാഴ്ച അഞ്ച് വീടുകളിൽ കയറാനിരിക്കുകയായിരുന്നു. ഇതിനായി രാവിലെയെത്തി ആദ്യ വീട്ടിലെ തെങ്ങിൽ കയറിയപ്പോഴാണ് മരിച്ചത്. സംഭവമറിഞ്ഞ് ഉണ്ണിയുടെ മകനും സ്ഥലത്ത് എത്തി. ഭാര്യ: മഞ്ജു. മക്കൾ:
ഐശ്വര്യ, അനന്തു. സംസ്കാരം പിന്നീട്.


