ജില്ലാതല ക്ഷീര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ജില്ലയിലെ മികച്ച ക്ഷീരകർഷകർക്കും സംഘങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ മികച്ച ക്ഷീര കർഷകയായി നന്തിലത്ത് ഫാം ഉടമ ഷൈനി ഗോപാലകൃഷ്ണൻ അർഹയായി. 25,000 രൂപയാണ് പുരസ്കാരത്തുക. വനിതാ വിഭാഗത്തിൽ അന്നമനട സ്വദേശിനി ലക്ഷ്മി മേനോനെ മികച്ച കർഷകയായി തിരഞ്ഞെടുത്തു. 15,000 രൂപയാണ് സമ്മാനത്തുക. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ മികച്ച ക്ഷീരകർഷകനായി ചാലക്കുടി സ്വദേശി റോയ് ചന്ദ്രൻ അർഹനായി. ഇദ്ദേഹത്തിന് 15,000 രൂപ ലഭിക്കും. യുവകർഷകനുള്ള പുരസ്കാരം മാന്ദാമംഗലം സ്വദേശി എൻ.വി. നിഖിലിനാണ്. സമ്മാനത്തുക 15,000 രൂപയാണ്. വിലങ്ങന്നൂരിലെ എൻ.എം. ഫിലിപ്പിനെ മികച്ച ക്ഷേമനിധി കർഷകനായി തിരഞ്ഞെടുത്തു. ഒല്ലൂർ ബ്ലോക്കിലെ വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘം മികച്ച ക്ഷീര വ്യവസായ സംഘത്തിനുള്ള അവാർഡ് നേടി. കൂടുതൽ പാൽ സംഭരിച്ച മികച്ച ആപ്‌കോസ് സംഘമായി മാന്ദാമംഗലം ക്ഷീരസംഘത്തെ തിരഞ്ഞെടുത്തു. വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പടിയൂർ സംഘത്തിന് തുടർച്ചയായി ‘എ’ ക്ലാസ് ഓഡിറ്റ് ക്ലാസിഫിക്കേഷൻ നേടിയതിനുള്ള അംഗീകാരം ലഭിച്ചു.




