വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിർവഹിച്ചു. കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പരിപാടിയാണ് ജാഗ്രതാ സമിതി അംഗങ്ങൾക്ക് നൽകുന്ന പരിശീലനമെന്ന് ചെയർപേഴ്സൺ പറഞ്ഞു. സമിതികളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, സ്വാതന്ത്ര്യനിഷേധം, അവകാശ ലംഘനം എന്നിവയിലെ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതികൾ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സന്തോഷത്തോടെയും, സമാധാനത്തോടെയും, സ്വാതന്ത്ര്യമായി ജീവിക്കാനാവുന്ന വിധത്തിൽ ഓരോ ഇടങ്ങളും മാറ്റിയെടുക്കണം. അതിന് ജാഗ്രതാ സമിതി അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു.
വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. രാജലക്ഷ്മി, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. അനിൽ കുമാർ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള ടീച്ചർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ വിൻസന്റ്, വനിതാ കമ്മീഷൻ സീനിയർ സുപ്രണ്ട് ഡോ. എസ്. എൽ. പ്രതാപൻ, കാര്യവട്ടം ക്യാമ്പസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബീനമോൾ എസ്. ജി, വെള്ളനാട് ഐസിഡിഎസ് ശിശുവികസനപദ്ധതി ഓഫീസർ ലേഖ എസ്. എന്നിവർ പങ്കെടുത്തു.


