ആശപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.
ബിന്ദു. കേരളത്തിലെ മുഴുവൻ ആശമാരെയും അപമാനിക്കുന്ന തരത്തിലാണ് സർക്കാറിൻറെ ഓണറേറിയം വർധനവെന്ന് ബിന്ദു പറഞ്ഞു.
മിനിമം വേതനമാണ് ആശമാർ ആവശ്യപ്പെട്ടത്. പ്രതിദിനം 33 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇത്രയും നാൾ സമരം ചെയ്തവരോട് കാണിക്കേണ്ട രീതിയല്ലിത്. ഓണറേറിയം തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ബോധ്യപ്പെട്ടത് സമരത്തിൻറെ വിജയമാണ്. എളമരം കരീം അടക്കം സി.ഐ.ടി.യു നേതാക്കൾക്ക് ഇക്കാര്യം ബോധ്യപ്പെടുത്തി കൊടുക്കാൻ സാധിച്ചു.
ഓണറേറിയം വർധിപ്പിക്കാൻ സി.ഐ.ടി.യു ആവശ്യപ്പെടില്ലെന്ന് പറഞ്ഞത് എളമരം കരീം ആണ്. ഓണറേറിയം വർധനയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഫ്ലക്‌സ് വെക്കണമെന്ന സന്ദേശമാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. സംസ്ഥാന സർക്കാരല്ല ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന വാദം പൊളിഞ്ഞു. ആശമാരുടെ സമരത്തെ അപമാനിച്ചവരും സംസ്ഥാന സർക്കാരും മുട്ടുമടക്കിയിരിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.


