ആനന്ദപുരം ഉദയ പബ്ലിക് ലൈബ്രറിയിലേക്ക് ഉന്നത വിദ്യാഭ്യാസ, സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പുസ്തകങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അമ്പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. നന്മയുടെ വഴിയെ നടത്തുന്നതിനുള്ള സഹായകമായ പ്രക്രിയയാണ് വായനയെന്ന് പുസ്തക വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
കുട്ടികൾ വായനയുടെ ലോകത്തേക്ക് പ്രവേശിച്ചാൽ അവരുടെ വ്യക്തിത്വ വികാസത്തിന് വലിയ രീതിയിൽ വഴിയൊരുക്കും. അവരുടെ അറിവും കഴിവും വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് വായന. ലഹരിയുടെ ഉപയോഗത്തിൽനിന്ന് എല്ലാവരെയും രക്ഷിച്ചെടുക്കുന്നതിന് വായനയുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയിൽ നിന്നും ഉദയ കലാസമിതി പ്രസിഡന്റ് ഗോപി എൻ. സുബ്രഹ്മണ്യൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഉദയ കലാസമിതി പരിസരത്ത് നടന്ന ചടങ്ങിൽ മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ മനോഹരൻ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, വാർഡ് മെമ്പർമാരായ നിജി വത്സൻ, എ.എസ് സുനിൽകുമാർ, ഉദയ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.എൽ രവി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


